Wednesday, August 23, 2017

പാണക്കാട് തറവാട്ടിലെ ആർഭാട വിവാഹം.

പൊതു പ്രവർത്തകർ സമൂഹത്തിനു നല്ല സന്ദേശങ്ങൾ നൽകാൻ ശ്രമിക്കണം. പാണക്കാട് തറവാടിനെ ഒരു സമൂഹം സ്വന്തം തറവാട് ആയിട്ടാണ് കാണുന്നത്. അവരുടെ പ്രവർത്തനങ്ങൾക്കും സന്ദേശങ്ങൾക്കും വൻ സ്വീകാര്യത ഉണ്ട്. ജനനം മുതൽ മരണം വരെ എല്ലാത്തിനും പാണക്കാട് തങ്ങൾമാരുടെ സാനിധ്യവും അനുഗ്രവും പ്രതീക്ഷിക്കുന്ന ശുദ്ധഗതിക്കാരായ ഒരു വിഭാഗം ആണ് ആ തറവാടിന്റെ ആത്മവിശ്വാസവും, പെരുമയും.
.
ഒരു തരി പൊന്നു പോലും ഇല്ലാതെ തന്നെ വിവാഹ വേഷത്തിൽ ആ കുഞ്ഞു സുന്ദരി കുട്ടിയാണ്. ഇരുനൂറ്റി ഒന്ന് പവൻ അണിഞ്ഞാലേ ആ കുഞ്ഞു വധു എന്ന നിലയ്ക്ക് പൂർണതയിൽ എത്തുള്ളു എന്ന് നിശ്ചയിച്ചത് ആരായാലും ഒരു വിവാഹം കൊണ്ട് ഒരു സമൂഹത്തിനു നൽകാവുന്ന നല്ലൊരു സന്ദേശത്തിനുള്ള അവസരം ആണ് അവർ നശിപ്പിച്ച് കളഞ്ഞത്. സമൂഹത്തിന്റെ ശ്രദ്ധ പതിയുന്നവർ കുറച്ച് കൂടി വക തിരിവോടെ പെരുമാറിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലല്ലോ?
.
സമൂഹത്തിനു നൽകേണ്ട ഭൗതിക സഹായങ്ങളും ദാനധർമ്മങ്ങളും ഒക്കെ വേണ്ട പോലെ ചെയ്യുന്ന ഒരു കുടുംബം ആണ് പിന്നെ എന്തിനാ അവരുടെ ആർഭാടത്തിൽ താങ്കൾ ഉൽകണ്ഠ പെടുന്നത് എന്ന ചോദ്യത്തിന് ജീവിതം ആർഭാടം ആയിക്കൊള്ളട്ടെ പക്ഷേ ആർഭാട വിവാഹങ്ങൾക്ക് എതിരേ ബോധവൽക്കരണം നടക്കുന്ന അല്ലെങ്കിൽ നടക്കേണ്ട ഒരു കാലഘട്ടത്തിൽ ഏവരും ശ്രദ്ധിക്കുന്ന ഒരു കുടുംബത്തിലെ വിവാഹം ലളിതം ആയി നടത്തി സമൂഹത്തിനു മാതൃക ആക്കാം ആയിരുന്നു എന്ന് നേരെയുള്ള മറുപടി.
.
പണ്ടൊരു കമ്യൂണിസ്റ്റു കാരി എം.എൽ.എ യുടെ മകളുടെ വിവാഹത്തിലെ സ്വർണാഭരണ ധാരാളിത്തം കണ്ടപ്പോൾ ഇല്ലാത്ത ചൊരുക്ക് താങ്കൾക്ക് ഇപ്പോൾ എവിടുന്ന് വന്നു എന്ന ചോദ്യത്തിന് അന്നും എം.എൽ.എ മാഡത്തിനെ എഫ്.ബി.പോസ്റ്റ് ഇറക്കി ഉപദേശിച്ചിരുന്നു എന്ന് താഴ്മയായി അറിയിക്കുന്നു.
.
ആർഭാട വിവാഹത്തെ നഖശിഖാന്തം എതിർക്കുന്നു എന്ന പേരിൽ ആ കുഞ്ഞുങ്ങളുടെ ഫോട്ടോ ഇട്ടു അവരെ അപമാനിക്കുന്ന തരത്തിൽ ആര്മാദിക്കുന്നവർ എന്ത് സന്ദേശം ആണ് സമൂഹത്തിനു നൽകുന്നത്. അവരുടെ ലക്‌ഷ്യം ആർഭാട വിവാഹത്തിന് എതിരെ ഉള്ള പ്രചാരണം അല്ല. രാഷ്ട്രീയ എതിർപ്പുള്ള ഒരു കുടുംബത്തെ താറടിക്കാൻ കിട്ടുന്ന ഒരു അവസരത്തെ നന്നായി ഉപയോഗപ്പെടുത്തുക എന്നതാണ്. രാഷ്ട്രീയ എതിരാളികൾക്ക് അങ്ങിനെ ഒരു ആയുധം കൊടുക്കാതിരിക്കാൻ എങ്കിലും ആ ചെറുമകളുടെ വിവാഹം നാടിനു മാതൃക ആകുന്ന രീതിയിൽ നടത്താൻ ആ തറവാടിന് കഴിയണം ആയിരുന്നു.
.
പാണക്കാട് തറവാട് ഒരു കുടുംബം മാത്രം അല്ല. ഒരു പ്രസ്ഥാനം തന്നെയാണ്. അത് അറിയേണ്ടവർ അറിയാതിരുന്നാൽ എന്ത് ചെയ്യാൻ?