Saturday, December 10, 2011

നമ്മുടെ പെണ്‍കൊച്ചുങ്ങളും നമ്മുടെ സമുദായവും!

വ്യത്യസ്ത മത വിഭാഗങ്ങങ്ങളിലെ പ്രേമ ബന്ധങ്ങളും മിശ്ര വിവാഹങ്ങളും   ഇന്നും ഇന്നലെയും തുടങ്ങിയ പ്രതിഭാസങ്ങള്‍  അല്ല. ആണും പെണ്ണും തമ്മില്‍ കണ്ടു മുട്ടുന്നതും പരിചയപ്പെടുന്നതും പരിചയം പിന്നെ പ്രണയത്തിലേക്ക് വഴിമാറുന്നതും പ്രണയം വിവാഹത്തിലേക്ക് എത്തുന്നതും അല്ലെങ്കില്‍  വഴി പിരിഞ്ഞു പോകുന്നതും ഒന്നും  പുതുമയുള്ള കാര്യങ്ങളും അല്ല. കറയറ്റ പ്രണയത്തില്‍ ജാതി മത വര്‍ണ കുബേര കുചേല വ്യതിയാനങ്ങള്‍ ഒന്നും കടന്നു വരാറും ഇല്ല. 

ഇതര മത പ്രണയങ്ങള്‍ എക്കാലത്തും എതിര്‍ക്ക പെട്ടിട്ടുണ്ട്. നല്ല കരളുറപ്പുള്ള ചിലര്‍ എല്ലാ എതിര്‍പ്പുകളേയും അവഗണിച്ചു ഇഷ്ടങ്ങളെ വരിക്കുന്നു. സമൂഹത്തോടും സമുദായ കൊമരങ്ങളോടും
ജീവിതത്തോടും പോരടിച്ചു ജീവിത വിജയം നേടുന്നു. ചിലര്‍ ഇഷ്ട വിവാഹത്തിന് ശേഷം ഒന്നിച്ചു ജീവിച്ചു കൊള്ളാം എന്ന ഉടമ്പടി ഏകപക്ഷിയമായോ സംയുക്തമായോ അവസാനിപ്പിച്ചു പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുന്നു. ഇതൊക്കെ കാലങ്ങള്‍ ആയി സംഭവിച്ചു കൊണ്ടിരിക്കുന്ന സംഗതികള്‍.

പ്രണയങ്ങള്‍, പ്രത്യേകിച്ചും ഇതര സമുദായ അംഗങ്ങള്‍  തമ്മിലുള്ള പ്രണയങ്ങള്‍ ഇന്നലെ നാല്‍ക്കവലകളിലെ   ചായ പീടികകളിലും ബാര്‍ബര്‍ ഷാപ്പുകളിലും ഒക്കെയായിരുന്നു ചര്‍ച്ചകള്‍. അവിടെ ഒരു ഇട്ടാവട്ടത്തില്‍ ഇരുന്നുള്ള പരദൂഷണത്തില്‍ എരിവും പുളിയും ചേര്‍ന്ന പ്രണയങ്ങളും ചര്‍ച്ചക്ക് വിഷയം ആകും ആയിരുന്നു. രക്ഷകര്‍ത്താക്കള്‍  ബന്ധുക്കള്‍ നാട്ടുകാര്‍ തുടങ്ങിയ തടസങ്ങളെ അതി ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നിയാല്‍ കമിതാക്കള്‍ മുമ്പും പിറകും ചിന്തിക്കാതെ ഉറ്റവരെയും ഉടയവരെയും വിട്ടു ഒളിച്ചോടുകയും പതിവായിരുന്നു. അതും ഇമ്മാതിരി ഗ്രാമ സഭാ കാര്യലയങ്ങളിലെ ചര്‍ച്ചകള്‍ക്ക് വിഷയീ ഭവിക്കാറുണ്ട്. അതൊക്കെ ഇന്നലത്തെ കാര്യം.

ഇന്ന്-

കഥയൊക്കെ മാറിയിരിക്കുന്നു. ചര്‍ച്ചകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടറും യൂണികോഡും ഒക്കെ ഉപയോഗിക്കാന്‍ കഴിയുന്ന വിദ്യ സമ്പന്നരായ ഒരു സമൂഹം ഇടപെടുന്ന നവ മാധ്യമത്തില്‍ നിന്നും പക്ഷെ പ്രതീക്ഷിക്കുന്ന ചര്‍ച്ചകളോ ചിന്താ ശകലങ്ങലോ അല്ല ഇക്കാര്യത്തില്‍  ഉരിതിരിയുന്നത്. നല്ലൊരു വിഭാഗവും ജാതിയും മതവും വര്‍ണവും രാഷ്ട്രീയവും ഒക്കെ നോക്കി മാത്രമാണ് പ്രതികരിക്കുന്നത്. ഒരു പക്ഷെ ഇന്നലെകളെക്കാള്‍ യുവത്വം വര്‍ഗീയ വല്‍ക്കരിക്ക പെട്ടിരിക്കുന്നു എന്നര്‍ത്ഥം.

ഇരുപത്തി മൂന്നു വയസുള്ള ഷിഫ എന്ന പെണ്ണും ദീപു എന്ന ആണും എലാപ്പാറയില്‍ നിന്നും വീട് വിട്ടു പോയിരിക്കുന്നു.  പ്രാഥമിക നിരീക്ഷണങ്ങള്‍ക്ക് ശേഷം പീരുമേട് പോലിസ് കേസെടുത്തു. തുടര്‍ന്നു ലുക്ക്‌ ഔട്ട്‌ നോട്ടീസും പോലീസ് പുറത്ത് വിട്ടു. പതിവ് പോലെ സംഗതി നേരെ നവ നാല്‍ക്കവല  ആയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ചര്‍ച്ചയും തുടങ്ങി. നിരവധി ചര്‍ച്ചകളിലെ ഒരു ഉദാഹരണം.

ഒരു സമുദായ സ്നേഹി മേപ്പടി ലുക്ക്‌ ഔട്ട്‌ നോട്ടീസ് കോപ്പീ പേസ്റ്റ് ചെയ്തു ഒലിപ്പീരു തുടങ്ങി. അതിങ്ങനെ:

"ദയാവായി ഇത് ഷെയര്‍ ചെയ്യുക .... എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഇതിലെ നമ്പറില്‍ വിവരം അറിയിക്കുക

ഈ സംഘി വല വീശലില്‍ നമ്മുടെ എത്ര സഹോതരിമാര്‍ അറിഞ്ഞും അറിയാതെയും അകപ്പെട്ടു പോകുന്നു .... എവിടെക്കാണ്‌ നമ്മുടെ സമുദായത്തിന്റെ പോക്ക് .... എന്ത് കൊണ്ടാണ് ഒരു ബോധവല്‍കരണത്തിന് നമ്മുടെ സമുദായ നേതൃത്വം മുന്നോട്ടു വരാത്തത് ..????" 

മറ്റൊരു സമുദായി:
Love jihad aropichavar avarude pazhaya ajanda nammalil aropikkukayirunnu....... beware 

പോസ്ടിട്ട സമുദായിയുടെ മറുപടി:
"സംഘി വല വീശല്‍ നടക്കുന്നില്ല എന്ന് നമുക്ക് പറയാന്‍ കഴിയില്ല .... അത് പതുക്കെ പതുക്കെ നമ്മെ കാര്‍ന്നു തിന്നുകയാണ് ...നമുക്ക് ചുറ്റും വലയം തീര്‍ത്തു കഴിഞ്ഞിരിക്കുന്നു ..... ഇത് ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്നതു പ്രവാസി സഹോതരന്മാരെ തന്നെയാണെന്ന് പറയേണ്ടി വരും ഇത്തരം വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ ..... സ്വന്തം കുടുംബത്തില്‍ നിന്നും മഹല്ലുകള്‍ കേന്ദ്രീകരിച്ചും ശക്തമായ ബോധവല്കരണം ഈ വിഷയത്തില്‍ ആവശ്യമാണ്‌ ...നൌഫല്‍ സാഹിബ്‌ .... ഫേസ് ബുക്കില്‍ ഇടക്കൊക്കെ ഓരോ വാര്‍ത്ത‍ വരുന്നു എന്നതിനെക്കാളേറെ നാട്ടില്‍ ഇതൊരു സത്രം സംഭവം ആയിരിക്കുന്നു ..... ശക്തമായ ബോധവല്കരണം ഈ വിഷയത്തില്‍ നടത്തിയില്ല എങ്കില്‍ ഇത് ഒരു വന്‍ നാഷതിലെക്കായിരിക്കും സമുധായാതെ നയിക്കുക ...."

ചര്‍ച്ച അങ്ങിനെ മുന്നോട്ടു പോവുകയാണ്. നമ്മുടെ പെങ്കൊച്ചിനെ മറ്റവന്‍മാരില്‍ ഒരുവന്‍ അടിച്ചോണ്ട് പോയിരിക്കുന്നു. പ്രതികരിക്കൂ സഹോദരന്മാരെ എന്നതാണ് ആഹ്വാനം.

പെണ്‍കുട്ടി ചതിക്ക പെട്ടതാണെങ്കില്‍ അത് ജാതി മത വര്‍ണ്ണ വ്യത്യാസങ്ങള്‍ നോക്കി അപലപിക്കേണ്ട സംഗതി അല്ല.   ആ പെണ്‍കുട്ടിയെ ജീവതത്തിലേക്ക് തിരിച്ചു കൊണ്ട് വരേണ്ടുന്നത് സമൂഹത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം  ആണ് താനും. അതല്ല പരസ്പരം ഇഷ്ട പെട്ടവരെ ഇതര സമുദായങ്ങള്‍ ആയതു കൊണ്ട് ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കാത്ത സമൂഹത്തിന്റെ മര്‍ക്കട മുഷ്ടിക്കു മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ പുറപെട്ടു പോയവര്‍ ആണെങ്കില്‍ അവര്‍ ജീവിക്കട്ടെ. പതുക്കെ പതുക്കെ നാട്ടുകാരും വീട്ടുകാരും ഒക്കെ അവരെ അംഗീകരിച്ചു കൊള്ളും. മിശ്ര വിവാഹിതരായ ഡസന്‍ ദമ്പതിമാരെ നേരിട്ടറിയാം - സുഖവും സന്തോഷം ആയി ജീവിക്കുന്നവരെ. ആദ്യത്തെ ആവേശം ഒക്കെ കഴിഞ്ഞു പൊരുത്ത കേടുകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും പരസ്പരം വഴി പിരിഞ്ഞ മിശ്ര വിവാഹക്കാരെയും  അറിയാം. പക്ഷെ ജാതകവും പൊരുത്തവും മുഹൂര്‍ത്തവും ഒക്കെ നോക്കി വിവാഹിതരായിട്ടു പിരിഞ്ഞു പോയ ദാമ്പത്യങ്ങളെക്കാള്‍ അവരുടെ എണ്ണം ഒരിക്കലും കൂടുതല്‍ അല്ല!

ഹൈന്ദവ പെണ്‍കുട്ടിയെ മുസ്ലീം പയ്യന്‍ പ്രണയിച്ചാല്‍ അത് ലൌ ജിഹാദ്. മുസ്ലീം പെണ്‍കുട്ടിയെ ഹൈന്ദവ പയ്യന്‍ പ്രണയിച്ചാല്‍ അത് ആര്‍.എസ്.എസ്. ഗൂഡാലോചന! പിന്നെ ചര്‍ച്ചയോട് ചര്‍ച്ച. പ്രണയം എന്നതിന്റെ അര്‍ഥം എന്താണെന്നോ അത് മുന്നോട്ടു വെക്കുന്ന മാനവികത എന്തെന്നോ  ഈ ചര്‍ച്ചാ കൂട്ടര്‍ക്ക് എന്തെങ്കിലും ബോധം ഉണ്ടോ എന്നറിയില്ല. ഇഷ്ട വിവാഹങ്ങളില്‍ ഇഷ്ടം മാത്രമാണ് പൊരുത്തം. അവിടെ സമ്പത്തും ജാതകവും തറവാടിത്വവും സ്ത്രീധനവും ഒന്നും കടന്നു വരാറില്ല. എന്തിനു, വിവാഹത്തിന്റെ പേരില്‍ കാട്ടി കൂട്ടുന്ന ഒരു അരാജകത്വവും പ്രണയ വിവാഹങ്ങളില്‍ കാണില്ല.  പരസ്പരം ഇഷ്ടപ്പെട്ടവര്‍ ഒന്നിച്ചു ജീവിക്കട്ടെ. ചതിയുണ്ടെങ്കില്‍ അത് കണ്ടെത്തി പരിഹാരം കാണാം.

നമ്മുടെ സമുദായത്തിന് ഇതെന്തു പറ്റി എന്ന് വിലപിക്കുന്ന സമുദായ സ്നേഹികള്‍ സ്വസമുദായത്തില്‍ പെട്ട പിതാവിനാല്‍  പീഡിപ്പിക്ക പെട്ട് കൊല ചെയ്യപ്പെട്ട കുഞ്ഞിനെ കുറിച്ചോ പെണ്‍വാണിഭത്തിനു നേതൃത്വം കൊടുക്കുന്ന സ്വസമുദായത്തിലെ ക്രിമിനലുകളെ കുറിച്ചോ എന്തെങ്കിലും ഉരിയാടിയതായി അറിവില്ല. ഏറ്റവും ഒടുവില്‍ വടക്കുള്ള ഒരു യതീം ഖാനയില്‍ പീഡിപ്പിക്ക പെട്ട അനാഥരായ പെണ്‍കുട്ടികളെ കുറിച്ച് ഒരിടത്തും  ആവലാതി പെട്ടും കണ്ടില്ല. പ്രായ പൂര്‍ത്തിയായ പെണ്‍കുട്ടി തനിക്കു ഇഷ്ടമുള്ള ഒരാളോട് ചേര്‍ന്നതില്‍ അല്ല ഈ ഹമുക്കുകളുടെ  അമര്‍ഷവും. "ഞങ്ങള്‍ക്ക് ഭോഗിക്കേണ്ട പെണ്ണിനെ നീ കൊണ്ട് പോയി ഭോഗിക്കേണ്ട" എന്നതില്‍ കവിഞ്ഞ ഒരു ചിന്തയും ഇവന്മാരുടെ വികാര പ്രകടനങ്ങള്‍ക്കില്ല തന്നെ.

സമുദായത്തില്‍ നടമാടുന്ന അനാചാരങ്ങള്‍ക്കും അനീതികള്‍ക്കും നേരെ പുറം തിരിഞ്ഞു നിന്നിട്ട് കവലകളില്‍ സദാചാര പോലീസ് ചമഞ്ഞു പിതാവിനെയും പുത്രിയേയും പോലും ചിത്ര വധത്തിനു വിധേയം ആക്കുന്ന നവ മാധ്യമ ചര്‍ച്ചക്കാര്‍ ആദ്യം  ചെയ്യേണ്ടുന്നത്  സ്വസമുദായത്തിലെ പെണ്‍കുട്ടികള്‍ നേരിടുന്ന സ്ത്രീധനം എന്ന ദുരന്തത്തിനെതിരെ പോരാടുകയാണ്. മാമാ മാരും മാമി മാരും ആയി സ്വ സമുദായ അംഗങ്ങള്‍ മാറുന്നതിനെ തടയാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ പെണ്‍ വാണിഭക്കാരുടെ ഒരു ലിസ്റ്റ് എടുത്താല്‍ ഒരു പക്ഷെ ഭൂരിപക്ഷം മുസ്ലീം നാമധാരികള്‍ ആയിരിക്കും എന്നതില്‍ സംശയം ഇല്ല തന്നെ.

സമൂഹത്തിലെ സ്വ സമുദായ പുഴു കുത്തുകളെ കണ്ടില്ലെന്നു നടിച്ചു  നമ്മുടെ പെങ്കൊച്ചിനെ മറ്റവന്‍ അടിച്ചോണ്ട് പോയി എന്ന് വിലപിച്ചിട്ട് എന്ത് കാര്യം?