Monday, December 05, 2011

പപ്പയുടെ സ്വന്തം മകന്‍ - മമ്മിയുടെയും.

വൃദ്ധരായ മാതാ പിതാക്കളെ  വൃദ്ധ സദനത്തില്‍ ആക്കിയിട്ടു തിരികെ വരുകയായിരുന്നു അവര്‍.  കാറിന്റെ പിന്‍ സീറ്റില്‍  വിഷാദ മൂകനായി ഒമ്പത് വയസ്സുകാരന്‍ മകന്‍.
"എന്താടാ ഒന്നും മിണ്ടാത്തത് ..." അച്ഛന്‍ ചോദിച്ചു.
"അല്ല അച്ഛാ അവിടെ അപ്പുപ്പനും അമ്മുമ്മയും ഒറ്റക്കല്ലേ? അത് ഓര്‍ത്തതാ."
"അല്ല മോനെ അവിടെ വേറെ ഒരു പാട് അപ്പുപ്പന്മാരും അമൂമ്മമാരും ഉണ്ട്.  അവരെ നോക്കാന്‍ നേഴ്സ് ആന്റിമാരും ഒക്കെ ഉണ്ട്..."
"അപ്പോ അവര്‍ക്ക് അവിടെ താമസിക്കാന്‍ പൈസ കൊടുക്കേണ്ടേ പപ്പാ?"
"വേണം മോനെ. അതൊക്കെ പപ്പാ കൊടുത്തിട്ടുണ്ട്." അമ്മയുടെ മറുപടി.
"ഒരു പാട് പൈസ ആകുമോ മമ്മി?"
"ഈ ചെക്കനിതെന്നാത്തിന്റെ സൂക്കേടാ. അതൊന്നും നീയിപ്പോ അറിയേണ്ട. അവന്റെയൊരു പുന്നാരം," മമ്മി കയര്‍ത്തു.
"അല്ല മമ്മി... അപ്പൂപ്പനെയും അമ്മുമ്മയേയും കൊണ്ടാക്കിയിടത്ത് വയസ്സാകുമ്പോള്‍  പപ്പയേയും മമ്മിയേയും എനിക്കും കൊണ്ടാക്കണ്ടേ. അത് കൊണ്ട് ചോദിച്ചതാ."
മകന്റെ മറുപടി നിഷ്കളങ്കം ആയിരുന്നു!