Wednesday, April 30, 2008

ശ്രീശാന്തിന് കിട്ടേണ്ടുന്നതായിരുന്നോ കിട്ടിയത്?

“ശ്രീശാന്തിന് കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടേണ്ടിടത്ത് കിട്ടേണ്ടുന്ന രീതിയില്‍ കിട്ടേണ്ടിടത്ത് നിന്നും കിട്ടി”
എന്ന ഒരു പൊതു ധാരണയാണ് കഴിഞ്ഞ മൂന്ന് നാലു ദിനങ്ങളായി മലയാള മഹാരാജ്യത്തെ മുഖ്യധാരാ ദൃശ്യ ശ്രവ്യ പത്ര മാധ്യങ്ങളിലൂടെയെന്ന പോലെ ബ്ലോഗിലൂടെയും പ്രചരിപ്പിക്കപ്പെടുന്നത്. മലയാളിക്ക് സ്വന്തം കൂട്ടത്തിലൊരാളെ മനമറിഞ്ഞ് അങ്ങ് സമ്മതിച്ചു കൊടുക്കാനോ ഒരാളുടെ കഴിവുകളെ കണ്ടറിഞ്ഞ് അംഗീകാരിക്കാനോ കഴിയാത്തതിന്റെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്ന് കൂടിയാണീ പ്രചരിപ്പിക്കപ്പെടുന്ന ശ്രീശാന്ത് വിരോധം.


“ശ്രീശാന്ത് മോശമായി പെരുമാറുന്നു..”
“ആസ്ത്രേലിയായില്‍ ശ്രീശാന്ത് ശാന്തനായിരുന്നില്ല..”
“ജെന്റില്‍മാന്‍ ഗേയിമായ ക്രിക്കറ്റില്‍ ശ്രീശാന്ത് തെറ്റായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്നു..”
“ശ്രീശാന്ത് ഭാജിയെ പ്രകോപിപ്പിച്ചു...”
“ശ്രീശാന്ത് എതിര്‍ ടീമുകളെ എപ്പോഴും പ്രകോപ്പിച്ചു കൊണ്ടിരിക്കുന്നൂ...”
“തല്ല് കൊണ്ട് ചിരിക്കാതെ കരഞ്ഞ് കൊണ്ട് ശ്രീശാന്ത് കളം വിട്ടൂ‍...”

....തുടങ്ങി ചാനല്‍ ചര്‍ച്ചകളിലും ബ്ലോഗിലും മുഖ്യധാരാമാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നത് ശ്രീശാന്തിനെതിരേയുള്ള കുറ്റവിചാരണയാണ്. ഒന്നാം ഘട്ട വിചാരണയില്‍ ബാജി കളിയില്‍ നിന്നും റണ്ണൌട്ടായപ്പോള്‍ മാത്രമാണ് ശ്രീശാന്തിനനുകൂലമായ നേരിയ ചില ചലനങ്ങളെങ്കിലും ജന്മനാട്ടില്‍ നിന്നും ഉടലെടുത്തത്.

“ഹാര്‍ഡ് ലക്ക്” എന്ന് പരാജിതനോട് വിജയി പറയുന്നത് പ്രകോപനപരമാണോ എന്ന ചോദ്യം പ്രസക്തമായി നില്‍ക്കുമ്പോള്‍ തന്നെ ഏതെങ്കിലും തരത്തില്‍ ഈ പ്രയോഗം ഹര്‍ഭജന്‍ ഭായിക്ക് പ്രകോപനപരമോ ആക്ഷേപമോ ആയി തോന്നിയിട്ടുണ്ട് എങ്കില്‍ അത് ഒരു പരാതിയായി മാച്ച് റെഫറിക്കോ അംബയര്‍ക്കോ നല്‍കാതെ കൈവീശി മുഖത്തടിച്ചതിനെ ലളിതവല്‍ക്കരിച്ച് ശ്രീശാന്തിന്റെ കയ്യിലിരിപ്പിന്റെ ഫലമാണ് അദ്ദേഹത്തിന് ലഭിച്ച തല്ലെന്ന ഗീര്‍വാണത്തെ എങ്ങിനെ അംഗീകരിക്കാന്‍ നമ്മുക്ക് കഴിയുന്നു.

ലോവര്‍ പ്രൈമറി ക്ലാസിലെ കുട്ടികള്‍:
“ടീച്ചര്‍ ഈ കുട്ടി എന്നെ പിച്ചി.”

“ശാറേ...ഈ കുട്ടിയെന്നെ മാന്തി...”

“മിസ്സേ..മിസ്സേ..ഇവനെന്നെ കുരങ്ങാന്ന് വിളിച്ചു..”

എന്നൊക്കെ ജെന്റില്‍മാന്‍ ഗെയിമില്‍ അടിക്കടി ലോകോത്തര താരങ്ങള്‍ എതിര്‍ചേരിയിലെ ലോകോത്തര താരങ്ങള്‍ക്കെതിരേ പരാതിയുമായി മാച്ച് റെഫറിയെ സമീപിക്കുന്ന ഈ കാലത്ത് ഹര്‍ഭജന്‍ സിങ്ങിന് “ശാറേ...ഇക്കുട്ടിയെന്ന് ഹാര്‍ഡ് ലെക്കാക്കീ‍...” എന്നൊരു പരാതി ശ്രീശാന്തിനെതിരേ കൊടുക്കാന്‍ വല്ലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ?

ശ്രീശാന്തിന്റെ സ്ഥാനത്ത് ഗാംഗുലിയോ സച്ചിനോ ധോണിയോ ആയിരുന്നു എങ്കില്‍ ഇങ്ങിനെയൊരു തല്ല് കിട്ടുമായിരുന്നോ. അല്ല ഹര്‍ഭജന്‍ ഇങ്ങിനെയൊരു താങ്ങ് സച്ചിനായിട്ടിട്ട് താങ്ങിയിരുന്നെങ്കില്‍ ഹര്‍ഭജന്റെ ഷേപ്പ് എങ്ങിനയായിരുന്നു എന്ന് പഴയ ഫോട്ടോ നോക്കി മനസ്സിലാക്കേണ്ടി വരില്ലായിരുന്നോ? പിന്നെ ക്രിക്കറ്റ് നടന്ന സ്റ്റേഡിയം ബാക്കിയുണ്ടാകുമായിരുന്നോ? ഇന്‍ഡ്യന്‍ ക്രിക്കറ്റ് തന്നെ ബാക്കി കാണുമായിരുന്നോ? ഇല്ല ഉണ്ടാകുമായിരുന്നില്ല. ഭാരതത്തിന്റെ ക്രിക്കറ്റ് ചരിത്രം തന്നെ മാറ്റിയെഴുതപ്പെടുമായിരുന്നു. സംശയലേശമില്ല തന്നെ.

ദക്ഷിണ ഭാരതത്തിന്റെ കായിക ചരിത്രത്തിലേക്ക് പുതിയ ഏടുകളാണ് ശ്രീശാന്ത് എഴുതി ചേര്‍ത്തു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും ഒരാള്‍ ലോക ക്രിക്കറ്റില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുന്നു എന്നത് തന്നെ ഏതൊരു മലയാളിക്കും അഭിമാനമാണ്. ആഗോള ക്രിക്കറ്റിന്റെ നെറുകയിലേക്ക് പിച്ചവെക്കുന്ന ശ്രീശാന്തിന്റെ ആത്മബലം തകര്‍ക്കാനാണ് ഇത്തരം തല്ല് നാടകങ്ങളും പ്രകോപനാരോപണങ്ങളും വാര്‍ത്തെടുക്കപ്പെടുന്നത്. ശ്രീശാന്ത് ശാന്തനല്ല എന്ന് പ്രചരിക്കപ്പെടുന്നത് മനപ്പൂര്‍വ്വമാണ്.

ഭാരത ക്രിക്കറ്റിലെ നെറികെട്ട ലോബീയിങ്ങ് ശ്രീശാന്തിനെതിരേ വിരിച്ച കെണിയില്‍ അദ്ദേഹത്തിന്റെ ജന്മനാടും വീണു പോയി എന്നതാണ് തല്ല് കൊണ്ട് കലങ്ങിയ കണ്ണുമായി കുനിഞ്ഞ ശിരസ്സോടെ കളം വിട്ട നമ്മുടെ സ്വന്തം ശ്രീശാന്തിനെ വട്ടം നിന്ന് കൊത്തിപ്പറിക്കാന്‍ മത്സരിക്കുന്ന മലയാള മഹാരാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളും പ്രത്യാകിച്ചും ബ്ലൊഗെന്ന പുതു മാധ്യമവും തെളിയിക്കുന്നത്.
-------------------------------------------------
ചേര്‍ത്ത് വായിക്കേണ്ടത് :1. അരവിന്ദിന്റെ കണ്ണിരിലലിഞ്ഞ ബ്രാന്റ് ഇക്വിറ്റി.
2. വാസ്തവം ടീമിന്റെ ശ്രീശാന്തിനെന്താ കൊമ്പുണ്ടോ?
3. ഓര്‍മ്മകള്‍ ഉണ്ടായിക്കണം പറയുന്നു തള്ളേ ..അടി...പൊളപ്പനടി
4. ജെയിംസ് ബ്രൈറ്റിന്റെ ശ്രീശാന്ത് പറയുന്നത് കേള്‍ക്കുക.
5. മരമാക്രിയുടെ ബ്രദര്‍ ശ്രീശാന്ത് ഒരു കുറ്റവും ചെയ്തിട്ടില്ല.
6. സ്വ.ലേയുടെ ഗോപു മോന്റെ ലീലാ വിലാസങ്ങള്‍
7. അച്ചായന്റെ അയ്യേ കുഞ്ഞേ കരയല്ലേ.
8. മരീചന്റെ മൊടകാണിച്ചാല്‍ പെടകിട്ടും ശ്രീശാന്തേ...
9. മോനുവിന്റെ ഐ.പി.എല്‍ ബോളീവുഡ് സിനിമ.