Wednesday, August 22, 2007

തലയില്ലാത്തവര്‍ ഗള്‍ഫ് മലയാളികള്‍

തലയൂരി കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ കൊടുത്തിട്ട് ഗള്‍ഫെന്ന വാഗ്ദത്ത ഭൂവിലേക്ക് പറന്നിറങ്ങുന്ന മലയാളീ പ്രവാസി നേരിടുന്ന പ്രതിസന്ധികള്‍ ഒരിക്കലും ഇല്ലാത്ത തരത്തില്‍ കടുത്തു കൊണ്ടിരിക്കുന്നു. പിറന്ന മണ്ണില്‍ നിന്നും പിഴുതു മാറ്റപ്പെടുന്നവരില്‍ ഗള്‍ഫിലെത്തുന്നവര്‍ അനുഭവിക്കുന്ന യാതനകള്‍ക്കും വേദനകള്‍ക്കും അവഗണനകള്‍ക്കും തുല്യത പ്രവാസത്തിലെ മറ്റൊരു മേഖലയിലും ഇല്ല തന്നെ.

അത്തറ് മണക്കുന്ന ചങ്ങാതികള്‍ വെറും പുറം പൂച്ച് മാത്രം. കഞ്ഞിയും പായയും ഇല്ലാതെ ഏഴായിരം രൂപ മാത്രം പ്രതിമാസ വേതനം പറ്റുന്നവരാല്‍ സമൃദ്ധമാണ് ഗള്‍ഫെന്നത് നീറുന്ന സത്യം. വാടക, കറണ്ട് ബില്ല്, സോപ്പ്, എണ്ണ, കുപ്പൂസ്, ചായ, പെനഡോള്‍, ടെലിഫോണ്‍ കാര്‍ഡ്, ഇത്യാതി പ്രവാസത്തില്‍ അനിവാര്യമായ സംഗതികള്‍ നിവര്‍ത്തിച്ച് കഴിഞ്ഞ് ഉറ്റാലുവെച്ച് അരിച്ചെടുക്കുന്ന ചില്ലറകള്‍ നാട്ടിലെ ഉറ്റവരുടെ ഉപജീവനത്തിനും സെന്‍‌ടി കഴിഞ്ഞാല്‍ കയ്യിലൊരു ചില്ലിയും ബാക്കിയില്ലാത്തവര്‍ ആ ബാക്കിയൊന്നും കയ്യിലില്ലാതിരിക്കുക എന്ന അവസ്ഥക്ക് പതിനാറ് മണിക്കൂറോളം തിളക്കുന്ന ചൂടില്‍ അകവും പുറവും വെന്ത് ജീര്‍ണ്ണിച്ച് ജീവിച്ചിട്ട് മൂന്നോ നാലോ വര്‍ഷത്തിനൊടുവില്‍ നാട്ടിലേക്കൊന്നു പോകാനൊരുങ്ങുന്നവനെ കൊരവളക്ക് പിടിച്ച് കുത്തി പിഴിയുക എന്നത് പ്രജാക്ഷേമ തല്പരനായ നമ്മുടെ സ്വന്തം മഹാരാജന് ഒരു കുഞ്ഞു തമാശ മാത്രം. എയര്‍ ഇന്‍ഡ്യ എന്ന വെള്ളാനയെ പരിപോഷിപ്പിക്കുക എന്നത് ഗള്‍ഫിലെ നരകപ്രവാസം അനുഭവിക്കുന്നവന്റെ ഉത്തരവാദിത്തമായിട്ട് പതിറ്റാണ്ടുകള്‍ കഴിയുന്നു. സീസണാകുമ്പോള്‍ ഏതറ്റം വരെയും ഗള്‍ഫ് മലയാളിയെ ചൂഷണം ചെയ്യാന്‍ ലൈസന്‍സ് കിട്ടിയ ഏമാന്മാര്‍ കഴിഞ്ഞ ചില ദിവസങ്ങളില്‍ കാട്ടിയ ക്രൂരത വിവരിക്കാനാകില്ല തന്നെ.

കഴുത്തറുക്കന്ന ചാര്‍ജ്ജ് ഈടാക്കിയിട്ടും ഒരിളിപ്പുമില്ലാതെ യാത്ര മുടക്കുക, ചെക്കിന്‍ കഴിഞ്ഞിട്ടും ചളിപ്പേതുമില്ലാതെ ഫ്ലൈറ്റ് താമസിപ്പിക്കുക, ബോര്‍ഡിംഗ് പാസ്സെടുത്ത് കഴിഞ്ഞിട്ട് ഫ്ലൈറ്റ് റദ്ദാക്കിയാലും ഭക്ഷണമോ വെള്ളമോ നല്‍കാതെ മുങ്ങുക, ശീതീകരണിയുടെ കൊടും തണുപ്പില്‍ മണിക്കൂറുകളോളം കുത്തിയിരിക്കേണ്ടി വരുന്നവര്‍ക്ക് വേണ്ടത്ര ബ്ലാങ്കറ്റോ പുതപ്പുകളോ നല്‍കാന്‍ ഭാരത സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സിന് കാത്ത് അത്താഴ പഷ്ണിക്കാരനെ ശിക്ഷിക്കുക തുടങ്ങിയ കലാപരിപാടികള്‍ അവസാനിപ്പിക്കാന്‍ ഇനി എത്ര കാലമെടുക്കും? കഴിഞ്ഞ ദിവസം ഇരുപത്തി ആറ് മണിക്കൂറാണ് നമ്മുടെ ബജറ്റ് എയര്‍ ലൈന്‍ യാത്രക്കാരനെ അബൂദാബി എയര്‍പോര്‍ട്ടില്‍ കുടുക്കിയത്. ഫ്ലൈറ്റ് എട്ട് മണിക്കൂറില്‍ കൂടുതല്‍ താമസിച്ചാല്‍ താമസ സൌകര്യം ലഭിക്കാനുള്ള അടിസ്ഥാന അവകാശം പോലും ഇന്‍ഡ്യന്‍ എയര്‍ ലൈന്‍സിലെ യാത്രക്കാര്‍ക്ക് ബാധകമല്ല. കൊള്ളയടിക്കപ്പെടുന്നവനും കൊലചെയ്യപെടുന്നവനും എന്തിന് കൊള്ളയടിക്കപ്പെടുന്നുവെന്നോ കൊല ചെയ്യപ്പെടുന്നുവെന്നോ ചോദിക്കാനുള്ള അവകാശമില്ലല്ലോ? അത് അനുഭവിക്കുന്നവന്റെ വിധി.

പ്രവാസത്തിന്റെ ഈ ഊഷരഭൂവില്‍ നിന്നും എണ്ണി പിടിച്ചെടുക്കുന്ന ഏതാനും ദിനങ്ങള്‍ ഉറ്റവരോടും ഉടയവരോടും ചേര്‍ന്ന് നിന്ന് സാന്ത്വനം തേടാന്‍ പുറപ്പെടുന്നവരെ ദിവസങ്ങളോളം വിമാന താവളങ്ങളില്‍ കുടുക്കിയിടുന്നവരനുഭവിക്കുന്ന സുഖം എന്താണെന്ന് പഠിക്കേണ്ടിയിരിക്കുന്നു. സാങ്കേതികം എന്ന് പറഞ്ഞൊഴിയുന്നവര്‍ക്ക് സൂര്യനോട് മല്ലിട്ട് നാട്ടിലേക്ക് പോകാനെത്തുന്നവരെ അവരുടേതല്ലാത്ത തെറ്റിന് ശിക്ഷിക്കാന്‍ എന്തവകാശമാണുള്ളത്? എട്ട് മണിക്കൂറില്‍ കൂടുതല്‍ വിമാനം താമസിച്ചാല്‍ ഏതൊരു യാത്രക്കാരനും അര്‍ഹിക്കുന്ന യാത്രാ നിയമങ്ങള്‍ അനുശാസിക്കുന്ന മനുഷ്യത്വപരമായ സമീപനം എയര്‍ ഇന്‍ഡ്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. കാലാകാലങ്ങളില്‍ നമ്മുടെ നാഷണല്‍ കാര്യര്‍, തിര‍ക്കുള്ള സമയത്ത് ഗള്‍ഫ് മലയാളിയോട് കാട്ടുന്ന മൃഗീയ ചൂഷണമാണ് കേരളത്തിലേക്ക് ചാര്‍ട്ടൌട്ട് ചെയ്യുന്ന എല്ലാ വിമാന കമ്പനികള്‍ക്കും അത്തപ്പാടികളെ ചൂഷണം ചെയ്യാന്‍ ചൂട്ടു പിടിച്ചു കൊടുക്കുന്നത്.

കാലാകാലങ്ങളായി എയര്‍ ഇന്‍ഡ്യയുടെ ചിറ്റമ്മനയത്തിനെതിരെ സമരം പ്രഖ്യാപിക്കുന്ന കോട്ടിട്ട നേതാക്കന്മാര്‍ എയര്‍ ഇന്‍ഡ്യായുമായി ചര്‍ച്ച ചെയ്ത് ചിക്കന്‍ കാലും കടിച്ച് നിറമുള്ള ലഹരിയും സേവിച്ച് മഹാരാജനുമായി രമ്യതയിലെത്തുന്നതാണ് വര്‍ത്തമാനകാല സമര യാധാര്‍ത്ഥ്യം. അതുകൊണ്ട് പ്രഖ്യാപിക്കപെടുന്ന സമരാഭാസങ്ങള്‍ക്ക് പകരം ഗള്‍ഫ് മലയാളികള്‍ തന്നെ ഇതിന് പോംവഴി കണ്ടെത്തണം. അതിനുള്ള വഴികളിലൊന്ന് എയര്‍ ഇന്‍ഡ്യയെ ബഹിഷ്കരിക്കുക എന്നത് തന്നെയാണ്. പക്ഷേ നമ്മുടെ “മഹത്തായ” കൂട്ടായ്മ കാരണം ബഹിഷ്കരണം എവിടം വരെ എത്തി എന്നുള്ളത് രണ്ടു വര്‍ഷം മുമ്പ് നാം കണ്ടതാണ്. ഒരോരുത്തരുടേം ബഹിഷ്കരണം അവരവരുടെ ടിക്കറ്റ് കണ്‍ഫേം ചെയ്ത തീയതിയില്‍ അവസാനിച്ചു. അത്ര തന്നെ. അപ്പോഴും മഹാരാജന്‍ ഒന്നു കുനിഞ്ഞ് നിവര്‍ന്നു ചിരിച്ചു, “ഞാനിതൊക്കെ എത്ര കണ്ടതാ കൊച്ചുങ്ങളേ” എന്ന പോലെ.

ഗള്‍ഫ് പ്രവാസം വരേണ്യവര്‍ഗ്ഗ പരിഛേദമല്ല എന്നത് പകല്‍ പോലെ തെളിഞ്ഞ സത്യം. വെന്തുരുകുന്ന ഗള്‍ഫ് മലയാളിക്ക് കുറച്ചെങ്കിലും ഒരു സാന്ത്വനമാകാന്‍ നമ്മുടെ സര്‍ക്കാറുകള്‍ക്കാകണം. കൊട്ടിഘോഷിച്ച് നടപ്പാക്കിയ ബജറ്റ് എയര്‍ ലൈന്‍ പലപ്പോഴും മറ്റ് വിമാന കമ്പനികളുടെ ചാര്‍ജ്ജിനും മേലെ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്ന കാഴ്ച ദയനീയമാണ്.

നാട്ടിലെ കിടപ്പാടം പണയം വെച്ചും ഭാര്യയുടെ കെട്ടുതാലി വരെ അറുത്ത് പണയം വെച്ചും ജോലി തെണ്ടി ഗള്‍ഫെന്ന നരക പ്രവാസത്തിലേക്കെത്തുന്ന പ്രവാസത്തിന്റെ ചേരികളിലെ ദയനീയ ജന്മങ്ങള്‍ കുറച്ചുകൂടി സഹതാപം അര്‍ഹിക്കുന്നു എന്ന വസ്തുത നമ്മുടെ ഭരണവര്‍ഗ്ഗം മനസ്സിലാ‍ക്കേണ്ടിയിരിക്കുന്നു. തകര്‍ന്നടിയുമായിരുന്ന നമ്മുടെ സാമ്പത്തിക വ്യവസ്ഥക്ക് നട്ടെല്ലേകി രാഷ്ട്രത്തിന്റെ വിദേശ നിക്ഷേപം കുത്തി ഉയര്‍ത്തിയത് നാട്ടില്‍ നിന്നും കയറ്റി അയച്ച തേങ്ങയും റബ്ബറും ഗര്‍ഭ നിരോധന സാമഗ്രികളും ആയുധങ്ങളും ഒന്നുമല്ല. നാട്ടില്‍ നില്‍ക്ക കള്ളിയില്ലാതെ കയറ്റി അയക്കപെട്ട പ്രജകളുടെ രക്തവും കിനാക്കളും ചുട്ടു പഴുത്ത സൂര്യന്റെ കീഴില്‍ വിയര്‍പ്പായൊഴുക്കി നേടിയെടുത്ത എണ്ണപണമാണ്. അവര്‍ പ്രവാസ ഭൂമികയില്‍ നിന്നും മാസാ മാസം ഉറ്റവര്‍ക്കായി എക്സ്ചേഞ്ചുകളില്‍ ക്യൂ നിന്ന് വിദേശ കറന്‍സി കൊടുത്ത് നാസിക്കിലെ സര്‍ക്കാര്‍ കമ്മട്ടത്തിലടിച്ച കറന്‍സി വാങ്ങിയതാണ് ഇന്‍ഡ്യന്‍ രൂപയുടെ മൂല്യം നിലമ്പരിശ്ശാകാതെ പലപ്പോഴും പിടിച്ച് നിര്‍ത്തിയത്. മാസത്തിന്റെ ആദ്യ വെള്ളിയാഴ്ചകളില്‍ ഇന്‍ഡ്യന്‍ രൂപക്ക് കാണപ്പെടുന്ന പതിവില്‍ കവിഞ്ഞ മൂല്യം അതിനൊരുദാഹരണം മാത്രം.

നാട്ടില്‍ നിന്നും കയറ്റി അയക്കപെടുന്നതെന്തിനും വിദേശ കറന്‍സി നേടി തരുന്നു എന്നതു കൊണ്ട് ചില അനുകൂല്യങ്ങള്‍ ഗവണ്മെന്റ് കൊടുക്കാറുണ്ട്. കയറ്റി അയക്കപെടുന്ന ഉല്പന്നങ്ങളുടെ വിലയുടെ ഏകദേശം ഏഴ് ശതമാനത്തോളം കിക്ക് ബാക്ക് എന്ന പേരില്‍ ഉല്പന്നം കയറ്റി അയക്കപെടുന്ന കമ്പനികള്‍ക്ക് ഒരു ഇന്‍സെന്റീവായി തിരിച്ച് ലഭിക്കാറുണ്ട്. ഒരു ലാഭവും ഇല്ലാതെയാണ് ഉല്പന്നം കയറ്റി അയക്കപെടുന്നത് എങ്കില്‍ പോലും ഉല്പാദകന് ഈ ഏഴ് ശതമാനം ലാഭമായി മാറും. പക്ഷേ ഭാരതത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റി അയക്കപ്പെടുന്ന പൌരന്‍ എന്ന‍ തറവില പോലും തിട്ടപ്പെടുത്തിയിട്ടില്ലാത്ത “ഉത്പന്നം” നാട്ടിലേക്ക് കയറ്റി അയക്കുന്ന കറന്‍സിക്ക് തുല്യമായ പരിഗണന അവകാശപ്പെടാന്‍ തക്ക അഹമ്മതിയൊന്നും പ്രവാസി മലയാളിക്കില്ല. എങ്കിലും വല്ലപ്പോഴും ഒരിക്കലെങ്കിലും പിറന്ന നാടും നടന്ന വഴിയും പഠിച്ച പള്ളിക്കൂടവും അടിച്ചു കളിച്ച കൂട്ടുകാരേം സംരക്ഷിച്ച മാതാപിതാക്കളേം ഉടപ്പിറന്നോരേം ഒക്കെ ഒന്നു കണ്ടു മടങ്ങാനുള്ള കേവലാഗ്രഹമെങ്കിലും വഴിക്ക് മുടക്കാതെ ഇവര്‍ക്കൊന്ന് ചെയ്ത് തന്നാലെന്താ?

പിന്നാമ്പുറം:
പ്രവാസി തലയില്ലാത്ത കോഴിയാണ്. നരകത്തിലെ കറങ്ങുന്ന കോഴി. ആസനത്തിലൂടെ ചുട്ടു പഴുത്ത ഇരുമ്പ് ദണ്ഡിനാല്‍ കോര്‍ക്കപെട്ട് എരിയുന്ന തീയില്‍‍ കറങ്ങി കറങ്ങി കറങ്ങി വെന്ത് പൊട്ടി നില്‍ക്കുന്ന തലയില്ലാത്ത കോഴി. ആര്‍ക്കും എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും നുള്ളിപറിച്ച് ഹോട്ട് സോസും കെച്ചപ്പും കൂട്ടി ഉദരപൂരണം നടത്താം...