Tuesday, July 03, 2007

എയിഡ്സ് ബാധിച്ച മലയാള മനസ്സും അഞ്ചു പിഞ്ചുകളും.

രോഗം പാപമായും രോഗി പാപിയായും മാറുന്നത് നമ്മുടെ നാട്ടില്‍ പുത്തരിയല്ല. കുഷ്ടരോഗവും ക്ഷയവും വസൂരിയുമൊക്കെ ഒരോരോ കാലഘട്ടത്തില്‍ നാം പാപമായി കരുതി ബാധിക്കപെട്ടവരെ പാപികളായി കണ്ട് നാം നിര്‍ദ്ദാക്ഷണ്യം ശിക്ഷിച്ചിട്ടുണ്ട്. ജയലില്‍ അടക്കുന്നത് കുറ്റവാളിയെ ഏകാന്തവാസമെന്ന ശിക്ഷക്ക് വിധേയനാക്കാനാണെങ്കില്‍ നമ്മുടെ മലയാളത്തില്‍ മാരകരോഗങ്ങളാല്‍ വലയുന്നവരെ പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുക എന്ന കൊടും ശിക്ഷക്ക് വിധേയമാക്കുന്നത് പ്രബുദ്ധരെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളിയുടെ ശീലമായി മാറികഴിഞ്ഞിരിക്കുന്നു.

ഇന്നിന്റെ പാപം എച്ച്. ഐ. വി. യാണ്. തെറ്റു ചെയ്യുന്നവരെ മാത്രമേ പിടികൂടുള്ളു ഈ മഹാരോഗമെന്ന് വിദക്തര്‍ നിമിഷം പ്രതി ഒച്ചയിടുന്നു. മാനസ്സികമായി പക്വതയെത്താത്ത മലയാള മനസ്സ് ഈ നിര്‍വചനം പിന്‍പറ്റി എച്ച്.ഐ.വി. ബാധിക്കുന്നവരയൊക്കെയും പാപത്തിന്റെ ശമ്പളം പറ്റിയവരായി കാണുന്നു. പരിഹാരമില്ലാത്ത പാപമായ എയിഡ്സ് ബാധിച്ചവരെയൊക്കെയും പൊതുസമൂഹത്തില്‍ നിന്നും ഒറ്റപെടുത്തി കുത്തുവാക്കുകാളല്‍ ഹൃദയത്തെ കൊത്തിപറിച്ച് രോഗം ബാധിച്ചവരുടെ മരണം എളുപ്പമാക്കുന്നു. പകരുന്നതെങ്ങനെയെന്ന് കൃത്യമായിട്ടറിയാമെങ്കിലും ഒരുവന്റെ ഇറച്ചി തിന്നാന്‍ കിട്ടുന്ന അവസരം പ്രബുദ്ധകേരളം ശരിക്കും ഉപയോഗിക്കുന്നു.

പാമ്പാടി എം.ഡി.എല്‍.പി സ്കൂളിലെ ആ അഞ്ചു പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാന്‍ മലയാള മനസ്സാക്ഷിക്ക് കഴിയുന്നില്ല. പാപം ബാധിച്ചവരെ ഒരു നിമിഷം മുന്നേ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണമെന്ന ചിന്തയില്‍ തങ്ങളുടെ പൊന്‍‌കുഞ്ഞുങ്ങളെ പോലെ തന്നെ സമൂഹത്തിന്റെ സംരക്ഷണം അര്‍ഹിക്കുന്നവരാണ് ആ കുഞ്ഞുങ്ങളുമെന്ന് ചിന്തിക്കാന്‍ നമ്മുക്കിനി എന്ന് കഴിയും. പാപം ബാധിച്ചവരുടെ കൂടെ തങ്ങളുടെ കുട്ടികളെ പഠിക്കാന്‍ അനുവദിക്കില്ല എന്ന് രക്ഷാകര്‍ത്താക്കള്‍. ടി.സി. വാങ്ങി സ്കൂള്‍ മാറ്റുന്ന രക്ഷാകര്‍ത്താക്കള്‍ ആധുനിക യുഗത്തില്‍ ഏതെങ്കിലും ഒരു കൈപ്പിഴയില്‍ തങ്ങള്‍ക്കു ഇങ്ങിനെയുള്ള ദൌര്‍ഭാഗ്യങ്ങള്‍ സംഭവിക്കാം എന്ന് ചിന്തിക്കുന്നില്ല. അപ്പോള്‍ സമൂഹത്തില്‍ നിന്നും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും ഈ ഗതി വരാമെന്നും തങ്ങള്‍ തന്നെയും ഒറ്റപെട്ടു പോകുന്ന ദുരന്തം സംഭവിക്കാമെന്നും ഒരുനിമിഷം ചിന്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകുന്നു.

തങ്ങളുടെ തെറ്റു കൊണ്ടല്ലാതെ എച്ച്.ഐ.വിക്ക് അടിപെട്ട ഈ കുഞ്ഞുങ്ങളെ മനസ്സിന് എയിഡ്സ് ബാധിച്ച ഒരു സമൂഹത്തിലെ സ്കൂളില്‍ പഠിപ്പിക്കുന്നതും ഗുണപരമാകുമോ? കേവലം ഒരു “വിക്ക്” ഉള്ള സഹപാഠി നമ്മുക്ക് “വിക്കനാണ്”. കാലിന് സ്വാധീനമില്ലാത്ത സഹപാഠി “മുടന്തന്‍”. അവരുടെ യഥാര്‍ത്ഥ പേരുകള്‍ രജിസ്റ്ററുകളില്‍ മിഴിച്ചു കിടക്കും. നമ്മുക്കെപ്പോഴും വിക്കനും, മുടന്തനും, ചെകിടാനും, പൊട്ടനുമൊക്കെയായിരിക്കും. അതുപോലെ ഈ കുട്ടികളെ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ അനുവദിച്ചാല്‍ തന്നെയും സഹപാഠികളാല്‍ ഇവര്‍ നിരന്തരം അപമാനിക്കപെടുകയില്ലേ? മാനസ്സികമായുള്ള മരണം മറ്റെന്തിനേക്കാളും ഭയനകമല്ലേ? പക്വതയെത്താത്ത അദ്ധ്യാപകരും ഈ കുട്ടികളെ കാണുക പാപികളായി തന്നെയായിരിക്കുമെന്നതില്‍ രണ്ടഭിപ്രായമുണ്ടാവില്ല. ആ കുട്ടികളെ സംബന്ധിച്ചിടത്തോളം തികച്ചും അരാജകമായ ഒരു അന്തരീക്ഷത്തില്‍ അവരുടെ വ്യക്തിത്വ വികാസത്തിന് പകരം മാനസ്സിക മരവിപ്പായിരിക്കും സംഭവിക്കുക.

“പാമ്പാടി എം.ഡി.എല്‍.പി സ്കൂളിലെ എല്ലാകുട്ടികളും പിരിഞ്ഞു പോയാലും ആ കുട്ടികള്‍ അഞ്ചു പേരേയും ആ സ്കൂളില്‍ തന്നെ പഠിപ്പിക്കും” എന്ന മന്ത്രിയുടെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ പ്രായോഗികമായെങ്കില്‍ മാത്രമേ ആ കുട്ടികള്‍ക്ക് മനസ്സമാധാ‍നത്തോടെ തങ്ങളുടെ പഠനം തുടരാന്‍ കഴിയുള്ളു. അതായത് ആ കുട്ടികള്‍ക്കും അതു പോലെയുള്ള ദൈന്യ ബാല്യങ്ങള്‍ക്കും സൊയിരമായി വിഹരിക്കുവാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഗവണ്മെന്റ് ഉണ്ടാക്കണം. പ്രത്യാക സ്കൂളുകള്‍ ഉണ്ടാക്കി അടിസ്ഥാന പരിശീലനം ലഭിച്ച സേവനതല്പരരായ അദ്ധ്യാപകരെ നിയമിച്ച് അത്യാവശ്യ ഘട്ടങ്ങളില്‍ വൈദ്യസഹായം നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഡോക്ടറോ അല്ലെങ്കില്‍ പരിശീലനം സിദ്ധിച്ച നേഴ്സുമാരോ ലഭ്യമാകുന്നതരത്തില്‍ എല്ലാ സൌകര്യങ്ങളും ഉള്ള സ്കൂളുകള്‍ ഉണ്ടാക്കി സമൂഹം പാപികളായി വിധിക്കുന്ന കുട്ടികള്‍ക്ക് പുനരധിവാസം ഒരുക്കി നാം മാതൃക കാട്ടണം. തങ്ങള്‍ മറ്റുള്ള കുട്ടികളില്‍ നിന്നും വ്യത്യസ്തരല്ലായെന്നും മനുഷ്യജന്മങ്ങള്‍ തന്നെയാണെന്നും പഠിച്ച് വളരേണ്ടവരാണെന്നും സമുഹത്തിന്റെ മനസ്സില്‍ ബാധിച്ച ദുഷിച്ച രോഗങ്ങളെ ഇല്ലായ്മചെയ്യേണ്ട ബാധ്യത തങ്ങള്‍ക്കും കൂടിയാണെന്നും തിരിച്ചറിഞ്ഞ് മിടുക്കന്മാരായി വളര്‍ന്ന് വരാന്‍ തക്ക ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കപെടുന്ന വിദ്യാലയങ്ങള്‍ ഉണ്ടാകട്ടെ. എന്നിട്ട് ആ വിദ്യാലയങ്ങളെ ഓര്‍ത്ത് നമ്മുക്കു അഭിമാനിക്കാം. അല്ലാതെ ഒറ്റപ്പെടലിന്റെ ദുരന്തങ്ങളിലേക്ക് പിഞ്ചു ബാല്യങ്ങളെ തള്ളി വിട്ട് നിയമം നിര്‍വഹിച്ച് കൈയ്യും കെട്ടി നോക്കിയിരുന്നാല്‍ പിഞ്ചിലേ പാപികളാകേണ്ടി വരുന്നവരുടെ ശാപങ്ങളുടെ പാപം നമ്മളെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. കല്പാന്തകാലത്തോളം.